ഏറെ നാളത്തെ ഇടവേള...തിരക്കില്ലാതിരുന്ന നാളുകളിലും വിരുന്നു കാരനായി പോലും വരാൻ അവനു കഴിഞ്ഞില്ല ...വികൃത ചിന്തകളിൽ അഭയം കാണുന്നത് നീ അറിയാതിരുന്നിരിക്കില്ല...നിന്നോളം അവനെ അറിഞ്ഞ അക്ഷരക്കൂട്ടുകൾ വിരളം...
അക്ഷരങ്ങളുടെ ഗര്‍ഭച്ഛിദ്രത്തിൽ ഇറ്റുവീണ ചോരത്തുള്ളികൾ പോലെ ചിലതു മായാതെ കിടന്നു...ആ തൂ വെള്ള വസ്ത്രത്തിൽ, സിന്ദൂര പൊട്ടു പോലെ...
ഭ്രാന്തമായ ഏതോ സന്ദർഭങ്ങളിൽ അവൻ കുറിച്ചിട്ടു..
ജീവിതത്തിലെ ഏതൊക്കെയോ നിമിഷങ്ങളിൽ അവൻ ഉടക്കി നിൽക്കുകയെന്നു തോന്നിപ്പോകുന്നതായി...അവനെ വിട്ടു മാറാൻ ഇഷ്ടപ്പെടാത്ത പോലെ പല അനുഭവങ്ങളും മാനസികാവസ്ഥയും...
മാറാത്തത് താൻ ആണെന്ന് പറയാൻ ശ്രമിക്കുമ്പോഴും,അതല്ല മറ്റെന്തോ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ആ മനസ്സ് ഒരുപാട് പരിശ്രമിക്കുന്നുണ്ടാവും ; കഴിയുന്നില്ലെങ്കിലും..
ചില ചിന്തകളുടെ ആഴങ്ങൾ മനസ്സിലാവാത്തതാണോ, മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടാണോ എന്നുള്ള ആ ചിന്തകൾക്കിടയിലൂടെയുള്ള ഒളിച്ചോട്ടത്തിനിടയിൽ, ഏതൊക്കെയോ സന്ദര്‍ഭങ്ങളും മുഖങ്ങളും അവൻ്റെ മുന്നിൽ വഴിമുടക്കി നിൽക്കുന്നു...


















































































